05:58am 18 November 2026
NEWS
കവർച്ച കാമുകിക്ക് വേണ്ടി; തനിഷ്‌ക് ജ്വല്ലറി കൊള്ളയടിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നിഷാന്ത് പിടിയിൽ
16/11/2026  12:23 PM IST
nila
കവർച്ച കാമുകിക്ക് വേണ്ടി; തനിഷ്‌ക് ജ്വല്ലറി കൊള്ളയടിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി നിഷാന്ത് പിടിയിൽ

മധുര: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്‌ക് ജ്വല്ലറിയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി യൂട്യൂബർ നിഷാന്ത് പിടിയിൽ. സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ അധിയമാൻകോട്ടയ്ക്ക് സമീപമാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് പിന്തുടരുന്നതറിഞ്ഞ നിഷാന്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘം കീഴടക്കുകയായിരുന്നു.

കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് നവംബർ 12ന് പുലർച്ചെയാണ് പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ഷോറൂമിൽ കവർച്ച നടന്നത്. മോഷണത്തിന് മുന്നോടിയായി ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ നിഷാന്ത് ഷോറൂമിലെത്തി സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തിയിരുന്നു.

പുതിയ ഷോറൂമായതിനാൽ ലോക്കർ സംവിധാനം പൂർണമായി സജ്ജീകരിച്ചിരുന്നില്ലെന്നതും രാത്രിയിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും മോഷ്ടാവിന് അനുകൂലമായി. കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് ഉപയോഗിച്ച് ടെറസിലെത്തിയ നിഷാന്ത് ലിഫ്റ്റ് ഷാഫ്റ്റ് വഴിയാണ് അകത്തുകടന്നത്. തുടർന്ന് സ്വർണവും വജ്രവുമുൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു.

കവർച്ച ചെയ്ത ആഭരണങ്ങളിൽ ഒരു ഭാഗം മാടക്കുളം കുളത്തിന് സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. ആറ് കിലോയോളം സ്വർണവും വജ്രാഭരണങ്ങളുമാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ള ആഭരണങ്ങളുമായി നിഷാന്ത് ഒളിവിൽ പോകുകയായിരുന്നു.

കവർച്ചയ്ക്ക് ഉപയോഗിച്ച വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ നിഷാന്തിനെ പിതാവ് സുരേഷ് സഹായിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കവർച്ചയ്ക്കുശേഷം സ്വർണം നിറച്ച ബാഗ് പിതാവിനെ ഏൽപ്പിച്ച നിഷാന്ത് മീനാക്ഷിയുടെ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സുരേഷ് ആഭരണങ്ങൾ ആദ്യം പഴങ്ങാനത്തെ വീട്ടിൽ സൂക്ഷിച്ചു. പിന്നീട് നിഷാന്ത് ഇവിടെയെത്തി സ്വർണം കൊണ്ടുപോകുകയായിരുന്നു.

ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ കാലിവളർത്തുകാരൻ നൽകിയ നിർണായക വിവരം എന്നിവയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാദിവസം ധരിച്ചിരുന്ന ഷൂസും കൈയുറകളും കണ്ടെത്തിയതായും പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു.

മീനാക്ഷിയുടെ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു കവർച്ചയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് നിഷാന്തും മീനാക്ഷിയും. പിന്നീട് നിഷാന്ത് പഠനം ഉപേക്ഷിച്ചെങ്കിലും ഇരുവരും സൗഹൃദം തുടർന്നു. മീനാക്ഷിക്ക് വീടുനിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയൊരു തുക വേണ്ടിവന്നതോടെയാണ് ജ്വല്ലറി കവർച്ചയ്ക്ക് നിഷാന്ത് പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും യൂട്യൂബർമാരാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img